എന്തുകൊണ്ട് ഇതുവരെ പരിശീലകനായില്ല?; കാരണം പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍

വിരമിച്ചതിനു ശേഷം ഇതുവരെ പരിശീലക റോളിലേക്ക് എത്താതിന്റെ കാരണം പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ മത്സരത്തിലെ ഓരോ പന്തുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നയാളായിരിക്കണമെന്നും എന്നാല്‍ താന്‍ അങ്ങനൊരാളല്ലെന്നും ഗവാസ്‌കര്‍ പറയുന്നു.

“ഞാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണ്ണായും കാണുന്ന ആളല്ല. കളിക്കുന്ന സമയത്തും അങ്ങനെ തന്നെയാണ്. പുറത്തായ ശേഷവും പൂര്‍ണ്ണമായും ഞാന്‍ മത്സരം കണ്ടിരിക്കാറില്ല. കുറച്ച് നേരം കണ്ട ശേഷം ഡ്രസിങ് റൂമില്‍ ഇരുന്ന് എന്തെങ്കിലും വായിക്കുകയോ കത്തുകള്‍ക്ക് മറുപടി എഴുതുകയോ ഒക്കെയാണ് ചെയ്യാറ്.”

“അതിന് ശേഷം പിന്നീട് വീണ്ടും കളി കാണും. അതിനാല്‍ത്തന്നെ ഞാന്‍ ഓരോ പന്തുകളും സസൂക്ഷ്മം കണ്ടിരിക്കുന്ന ആളല്ല.അങ്ങനെയുള്ള നിരവധി ആളുകളുണ്ട്. നിങ്ങള്‍ക്ക് ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ മത്സരത്തിലെ ഓരോ പന്തുകളും കാണുന്ന ആളായിരിക്കണം. അതിനാല്‍ത്തന്നെ പരിശീലകനാവുന്നതിനെപ്പറ്റി ഇതുവരെ ഞാന്‍ ചിന്തിച്ചിട്ടില്ല” സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Read more

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമാണ് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയ്ക്കായി 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.