മമ്മൂക്കയുടെ അനുഗ്രഹവും ദുല്‍ഖറിന്റെ ആ നല്ലവാക്കുകളും മറക്കാനാവില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. മകന്റെ ഈ നേട്ടത്തില്‍ ഏറെ അഭിമാനിയ്ക്കുന്നതായി സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു്. തങ്ങള്‍ക്കൊപ്പം സന്തോഷം പങ്കുവച്ച മമ്മൂട്ടിയുടെ കുടുംബത്തെ കുറിച്ചും സുചിത്ര പറഞ്ഞു. മമ്മുക്ക പ്രണവിനെ അനുഗ്രഹിക്കുകയും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതിയവാക്കുകള്‍ മറക്കാനാവില്ലെന്നും സുചിത്ര പറയുന്നു. കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലാണ് മകനെപ്പറ്റിയും സിനിമാമേഖലയില്‍ നിന്ന് ആദിയ്ക്ക് ലഭിച്ച പിന്തുണയെപ്പറ്റിയും സുചിത്ര മനസു തുറന്നത്.

“ബാലാജിയുടെ മകളാണ്, സുരേഷ് ബാലാജിയുടെ സഹോദരിയാണ്, മോഹന്‍ലാലിന്റെ ഭാര്യയാണ്. എന്നാല്‍, ഇതിലെല്ലാമുപരി പ്രണവിന്റെ അമ്മ എന്നു കേള്‍ക്കുമ്ബോഴാണ് ഏറ്റവും അഭിമാനിക്കുന്നത്. അതിന്റെ കാരണവും സുചിത്ര പറയുന്നു. മറ്റുള്ളവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ്. എന്നാല്‍, പ്രണവ് ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്.

പ്രണവിന്റെ സിനിമ പ്രവേശം കുടുംബത്തില്‍ വലിയ ആഘോഷമാണ്. പ്രണവ് അഭിനയിക്കുമെന്ന് അവരൊന്നും കരുതിയിരുന്നില്ല.” എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്ബ് പ്രണവ് അഭിനയിച്ച നാടകം കണ്ട് നല്ലൊരു നടനാകുമെന്ന് തോന്നുന്നുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത് സുചിത്ര ഓര്‍ക്കുന്നു.
മോഹന്‍ലാലിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നതിനു മുമ്ബും സുചിത്രയുടെ കുടുംബത്തിന് സിനിമയുമായി അടുത്ത ബന്ധമാണ്. നിര്‍മ്മാതാവും നടനുമായ ബാലാജിയാണ് അച്ഛന്‍. സഹോദരന്‍ സുരേഷ് ബാലാജി നിര്‍മ്മാതാവും.