തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് വീണ്ടും സുചിലീക്‌സ്

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച സുച്ലിലീക്‌സ് വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. ഗായിക സുചിത്ര കാര്‍ത്തികിന്റെ ഔദ്ദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം കഴിഞ്ഞവര്‍ഷം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്.

ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സുചിലീക്‌സ് വാര്‍ത്തകളിലിടം നേടുന്നു. സുചിലീക്‌സെന്ന പേരില്‍ നിരവധി അക്കൗണ്ടുകളാണ് ഇപ്പോള്‍ ട്വിറ്ററിലുള്ളത്. പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങളും ഇതുവഴി പ്രചരിച്ചു തുടങ്ങി. മുമ്പ് സുചിത്രയുടെ അക്കൗണ്ടിനുണ്ടായിരുന്നതിനേക്കാള്‍ ഫോളോവേഴ്‌സാണ് ഈ ഫേക്ക് അക്കൗണ്ടുകള്‍ക്കുള്ളത് എന്നതും ശ്രദ്ധേയമാണ്. താരങ്ങളുടെ മുഖം മൂടി പൊതുജനങ്ങള്‍ക്കു മുന്നില്‍ വലിച്ചുകീറുമെന്നാണ് ഇവരുടെ ഭീഷണി.

ധനുഷും ചിമ്പുവും തന്നെ ഉപദ്രവിക്കുന്നതായുള്ള ചിത്രങ്ങള്‍ പുറത്തു വിട്ടാണ് സുചിത്ര സുചിലീക്‌സിനു തുടക്കമിട്ടത്. പിന്നീട് ആന്‍ഡിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്‍മയി തുടങ്ങിയവരുടെ സ്വകാര്യ ദൃശ്യങ്ങളും ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തായി. ഇതു വലിയ വിവാദങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ സുചിത്ര തന്നെ രംഗത്തെത്തി തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് വെളിപ്പെടുത്തി. പിന്നീട് സുചിത്രയുടെ ഭര്‍ത്താവ് കാര്‍ത്തിക് തന്റെ ഭാര്യയ്ക്ക് മാനസിക ദൗര്‍ബല്യമുണ്ടെന്നും അതിന്റെ ഫലമായാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടായതെന്നും പ്രതികരിച്ചിരുന്നു.