രേഖ്‌സിന്റെ ആരോപണം തികച്ചും അടിസ്ഥാനരഹിതം, പ്രതിഫലം നല്‍കിയതിന്റെ ഡോക്യുമെന്റ് പുറത്തുവിടുമെന്ന് ലൈക പ്രൊഡക്ഷന്‍സ്

ബോക്സ് ഓഫീസില്‍ പണം വാരിയ രജനീകാന്ത് ചിത്രങ്ങളായ യന്തിരന്‍, 2.0 എന്നീ സിനിമകളുടെ സബ് ടൈറ്റില്‍ ഒരുക്കിയ തനിക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് തമിഴിലെ പ്രമുഖ സബ്ടൈറ്റിലിസ്റ്റ് രേഖ്സ് ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചിരുന്നു. ഇപ്പോഴിതാ രേഖ്‌സിന്റെ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ലൈക പ്രൊഡക്ഷന്‍സിന്റെ വക്താവ് പറയുന്നത്.

അവരുടെ കോളുകള്‍ക്കും ഈമെയിലുകള്‍ക്കും മറുപടി ലഭിച്ചിരുന്നില്ലെന്നത് തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രേഖ്‌സിന്റെ ഈമെയില്‍ കണ്ടപ്പോള്‍ തന്നെ 2.0 യുടെ പ്രൊഡക്ഷന്‍ യൂണിറ്റിനോട് പേയ്‌മെന്റ് റെക്കോര്‍ഡുകള്‍ കാണിച്ച് തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി ലൈക പ്രൊഡക്ഷന്‍സിന്റെ വക്താവ് പറയുന്നു. പ്രൊഡക്ഷന്‍ ഹൗസുകളെ നിരന്തരമായി കുറ്റപ്പെടുത്തുന്നത് രേഖ്‌സിന്റെ സ്ഥിരം സ്വഭാവമാണെന്നും ലൈക പ്രൊഡക്ഷന്‍സ് വ്യക്തമാക്കി.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 2.0യുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഇംഗ്ലീഷ് സബ് ടൈറ്റിലിംഗ് ആണ് രേഖ്സ് നിര്‍വ്വഹിച്ചത്. എന്നാല്‍ ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും തനിക്കും ഒപ്പമുള്ളവര്‍ക്കും നിര്‍മ്മാതാക്കള്‍ ഇനിയും പ്രതിഫലം നല്‍കിയിട്ടില്ലെന്നായിരുന്നു ട്വിറ്ററിലൂടെ ഇവര്‍ ആരോപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഇ-മെയിലുകള്‍ക്കോ ടെലിഫോണ്‍ കോളുകള്‍ക്കോ ലൈക്ക പ്രൊഡക്ഷന്‍സ് മറുപടി നല്‍കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

ഇക്കാര്യം നേരിട്ട് ഉന്നയിക്കാന്‍ സണ്‍ പിക്ചേഴ്സിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ പരിശോധിച്ച ശേഷം അറിയിക്കാമെന്നാണ് അവര്‍ അറിയിച്ചതെന്നും പ്രതിഫലത്തിനായി ഇപ്പോഴും താന്‍ കാത്തിരിപ്പ് തുടരുകയാണെന്നും രേഖ്സ് ട്വിറ്ററില്‍ കുറിച്ചിരുന്നു.