'നീ ഏതാ മോനേ മതം, ഏതാ ജാതി, സ്‌കൂളില്‍ ഡൊണേഷന് മുമ്പേ ചോദിക്കുന്ന ചോദ്യങ്ങള്‍'; ശ്രദ്ധ നേടി 'സ്ഥായി' ടീസര്‍

ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഡോക്യുമെന്റികള്‍ക്കും ശേഷം ഫീച്ചര്‍ സിനിമയുമായി ശ്രീഹരി രാജേഷ്. ജാതി വിവേചനം പ്രമേയമാക്കി ഒരുക്കിയ “സ്ഥായി” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. 46 മിനിറ്റ് ദൈര്‍ഘ്യം വരുന്ന സിനിമയില്‍ കാസ്റ്റ് റിസര്‍വേഷന്‍, പണം, നിറം എന്നീ വിവേചനങ്ങളും കാണിക്കുന്നു.

ശ്രീഹരിയുടെ സുഹൃത്തുക്കളായ അക്ഷയ് സിംഗ്, മഹാദേവന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഈ സിനിമയിലൂടെ ആളുകളില്‍ ജാതിയും മതവും അല്ല മനുഷ്യരാണ് എന്ന അറിവ് എത്തിക്കണം എന്നാണ് ആഗ്രഹം. പതിനഞ്ച് വയസുകാരനായ ശ്രീഹരി രാജേഷ് ആദ്യമായി ഒരുക്കുന്ന ഫീച്ചര്‍ സിനിമയാണ് സ്ഥായി.

സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരേയും ലഹരി ഉപയോഗത്തിനെതിരേയും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരേയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ശ്രീഹരി രാജേഷ്. 2018ല്‍ “പുക-ദി കില്ലിംഗ് സ്‌മോക്ക്” എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയാണ് ശ്രീഹരി ശ്രദ്ധ നേടുന്നത്.

ഐ.ജി പി. വിജയന്‍ ആണ് പുക റിലീസ് ചെയ്തത്. എസ്.പി.സി. ക്യാമ്പുകളിലും പൊലീസ് പരിശീലന കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ യൂണിസെഫിന്റെ ഏതാനും പദ്ധതികളിലേക്കും ചിത്രം തിരഞ്ഞെടുത്തിരുന്നു. ദ ചെയ്ഞ്ച്-ലെറ്റ്‌സ് മെയ്ക്ക് ഇറ്റ് ഹാപ്പന്‍, സൈലന്റ് റോഡ്‌സ്, ചാള്‍സ്-ദ മാന്‍ ഹു ഫീഡ്‌സ് സ്‌ട്രേ ഡോഗ്‌സ്, ഹച്ച് എന്നിവയാണ് ശ്രീഹരിയുടെ മറ്റ് ഷോര്‍ട്ട് ഫിലിമുകള്‍.