ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം വരുന്നു; ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ റിലീസ് ചെയ്യും

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെയ്ക്കുന്ന, മുണ്ടൂരി തല്ലുന്ന ആടുതോമയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വിലസുന്നുണ്ട്. ആട് തോമയെ ഇന്നും അനുകരിക്കുന്നവരും ഏറെ. സ്ഫടികത്തിന് മുമ്പും  ശേഷവും അതു പോലൊരു റൗഡി പിറന്നിട്ടില്ലെന്ന് വേണം പറയാന്‍. ഇപ്പോളിതാ ആടുതോമയെ മലയാളിക്ക് സമ്മാനിച്ച ഭദ്രന്റെ ഒരു പുതിയ ചിത്രം വരികയാണ്.

ഭദ്രന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈമാസം 15 ന് റിലീസ് ചെയ്യും. മോഹന്‍ലാലാകും തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുക. ചിത്രത്തിലാരാണ് നായകന്‍ എന്ന കാര്യം വ്യക്തമല്ല. മോഹന്‍ലാല്‍ നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും യുവനടന്‍ സൗബിന്‍ ഷാഹിര്‍ നായകനാകുമെന്നാണ് സ്ഥിരീകരിക്കാത്ത പുതിയ വിവരം.

Image may contain: 2 people

ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികമുള്‍പ്പെടെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച നിരവധി ചിത്രങ്ങളൊരുക്കിയ ഭദ്രന്റെ പുതിയ ചിത്രം പ്രഖ്യാപിക്കപ്പെടാനൊരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.