'കഠിനാദ്ധ്വാനി, സഹകരണമനോഭാവമുള്ള താരം, ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍'; സൗബിനെ പുകഴ്ത്തി വരവേറ്റ് സന്തോഷ് ശിവന്‍

ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കുന്ന ചിത്രമാണ് “ജാക്ക് ആന്‍ഡ് ജില്‍”. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോയിന്‍ ചെയ്തു എന്നതാണ് പുതിയ വിശേഷം. സന്തോഷ് ശിവന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍ എന്ന വിശേഷണത്തോടെയാണ് സന്തോഷ് ശിവന്‍ സൗബിനെ തന്റെ ചിത്രത്തിലേക്ക് വരവേറ്റിരിക്കുന്നത്. കഠിനാദ്ധ്വാനിയും സഹകരണമനോഭാവവുമുള്ള താരമാണ് സൗബിനെന്നും സന്തോഷ് ശിവന്‍ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിന്റെ സൗബിന്റെ ലുക്കും കുറിപ്പിനൊപ്പം സ്‌ന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുട്ടാപ്‌സ് എന്ന കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിലെത്തുക.

നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, സേതുലക്ഷ്മി, ഹരിനാരായണന്‍, സ്വാദിക് റഹീം, പ്രശാന്ത്, സുനില്‍ വര്‍ഗീസ്, ഉല്ലാസ്, അമിത് മോഹന്‍ രാജേശ്വരി , വിനീത തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥയും തിരക്കഥയും സന്തോഷ് ശിവന്‍ തന്നെ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് നവാഗതരായ സുരേഷ് കുമാര്‍ രവീന്ദ്രനും വിജീഷ് തോട്ടിങ്ങലും ചേര്‍ന്നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് നവാഗതനായ റാം സുരേന്ദറും, ഗോപീസുന്ദറും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.