”ഞാന്‍ തേടും പൊന്‍താരം കണ്‍മുന്നില്‍ വന്നാല്‍”, ഇതൊരു ആരാധകന്റെ സ്വപ്‌നം; ‘ഡ്രൈവിംഗ് ലൈസന്‍സി’ലെ ഗാനം

‘9’ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ലെ ആദ്യ ഗാനം പുറത്ത്. ”ഞാന്‍ തേടും പൊന്‍താരം കണ്‍മുന്നില്‍ വന്നാല്‍” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരും സംഗീതമൊരുക്കി ആന്റണി ദാസന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലക്ഷ്വറി കാറുകളോട് ക്രേസുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. പൃഥിരാജിന്റെ കഥാപാത്രത്തിന്റെ കടുത്ത ആരാധകനായാണ് സുരാജ് വെഞ്ഞാറമൂട് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരാരാധകന്റെ സ്വപ്‌നമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരും ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷമാണ് സുരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.