'മലയാളിക്ക് പ്രിയം സ്റ്റാറും സ്റ്റാര്‍ഡവും, നിവിനെ ആഘോഷിക്കുകയും ഗാര്‍ഗിയെ അറിയാതെ പോയും പ്രേക്ഷകര്‍'

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത ഗാര്‍ഗി ആനന്ദന്‍ ആരാണ്? മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നിവിന്‍ പോളിക്ക് ആശംസകളുമായി ഏവരും എത്തിയപ്പോള്‍ ഗാര്‍ഗി ആനന്ദനെ ആരും പരാമര്‍ശിച്ചു കണ്ടില്ല എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഗാര്‍ഗിയെ കുറിച്ചുള്ള കുറിപ്പും പലരും പങ്കുവച്ചു.

“”NYIFF award വന്നിട്ടുണ്ട്.
മികച്ച നടന്‍ മലയാളി താരം നിവിന്‍ പോളി എന്ന എല്ലാരും അറിഞ്ഞു കഴിഞ്ഞു.
മികച്ച നടി ആര്?
അതും മലയാളി തന്നെ ആണ്
ഗാര്‍ഗ്ഗി അനന്തന്‍ Garggi Ananthan (run kalyani).
ആരും എഴുതി ഇട്ടത് കണ്ടില്ല. ആരും പറഞ്ഞത് കേട്ടില്ല. ( ഫിലിം ഏതാ പോലും അറിയുന്നില്ല).
ഇപ്പോളും മലയാളിക്ക് സ്റ്റാറും, സ്റ്റാര്‍ടവും തന്നെ ആണ് കാര്യം.
രണ്ട് സ്ത്രീകള്‍ ചെയ്ത രണ്ട് ഫിലിം ഒരേ ദിവസം ആദരിക്കപെടുന്നു. അതില്‍ ഒരു ഫിലിം ലെ നടിയേയും, സംവിധായകയെയും ആരും അറിയാതെ പോകുന്നു. ഒന്നിലെ സംവിധായകയും നടനും കൊട്ടിഘോഷിക്ക പെടുന്നു”” എന്നാണ് ഒരു കുറിപ്പ്.

https://www.facebook.com/subin.rishikesh/posts/2666044003660684

നാടക നടി കൂടിയായിരുന്നു ഗാര്‍ഗി ആനന്ദന്റെ ആദ്യ സിനിമയാണ് റണ്‍ കല്യാണി. ഗാര്‍ഗിയെ കുറിച്ച് നാടക കലാകാരനായ ജ്യോതിഷ് എം.ജി പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

“”ഗാര്‍ഗി അനന്തന്‍
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയം പഠിച്ച നടിയാണ്… ആദ്യ സിനിമയില്‍ അന്തര്‍ദേശീയ പുരസ്‌കാരം.. (NYIFF)
സൂരഭി ലക്ഷ്മി, പൗളി വല്‍സന്‍, സേതുലക്ഷ്മി തുടങ്ങി ഒട്ടനവധി പേര്‍ ഈ നിരയില്‍ ഉണ്ട്.
അഭിനയം ജന്മസിദ്ധമായ കഴിവോ പാരമ്പര്യമായി ലഭിക്കുന്ന വരദാനമോ അല്ല, കൃത്യവും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെ കടന്ന് പോയതിന്റേയും ഗൗരവമായി ഈ കലയെ സമീപിക്കുന്നതിന്റേയും ഫലമാണ്. ആഘോഷിക്കപെടാതെ പോകുന്ന ഇത്തരം അംഗീകാരങ്ങള്‍ അടയാളപെടുത്തുക തന്നെ വേണം. സിനിമാഭിനയം നാടകമായി പോകുന്നു എന്നത് പരാതി പറയുന്ന സംവിധായകരുടെ ശ്രദ്ധക്ക്..
ഭരത് ഗോപി മുതല്‍ ഇര്‍ഫാന്‍ ഖാന്‍ വരെയുള്ള ഇന്ത്യന്‍ നടന്‍മാരും,
സീമാ ബിശ്വാസില്‍ തുടങ്ങി ഗാര്‍ഗ്ഗി അനന്തന്‍ വരെ എത്തി നില്‍ക്കുന്ന നടിമാരും നാടകം പഠിച്ചവരാണ്.
പരാതി പറയുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ഒന്ന് അറിയുന്നത് നല്ലതായിരിക്കും.
അഭിമാനം ഗാര്‍ഗ്ഗി…”” എന്നാണ് ജ്യോതിഷിന്റെ കുറിപ്പ്.

https://www.facebook.com/jyothish.mg.9/posts/3775835915769617

തന്റെ അവാര്‍ഡ് ചര്‍ച്ചയാകാത്തതില്‍ കാര്യമായ വിഷമം ഉണ്ടായിരുന്നില്ല എന്നാണ് ഗാര്‍ഗിയുടെ പ്രതികരണം. എന്നാല്‍ “”മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് ചര്‍ച്ചയാവുമ്പോള്‍ അതേ ചിത്രത്തിലെ അഭിനയത്തിന് അവാര്‍ഡ് ലഭിച്ച സഞ്ജന ദീപുവിന്റെ പേര് അത്രത്തോളം പരാമര്‍ശിക്കപ്പെടാതെ പോവുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി”” എന്ന് ഗാര്‍ഗി മാതൃഭൂമിയോട് പറഞ്ഞു.