പ്രഭാസ് -നാഗ് അശ്വിന്‍ ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റർ സിംഗീതം ശ്രീനിവാസ റാവു

നടൻ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് നിലവില്‍ പ്രഭാസ് 21 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണാണ് നായിക.

ഇപ്പോഴിതാ ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു.  സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഏറെക്കാലമായി കാത്തിരുന്ന ഒരു സ്വപ്നം ഒടുവില്‍ സാക്ഷാത്കരിക്കുന്നു. ഞങ്ങളുടെ ഇതിഹാസത്തിലേക്ക് സിംഗീതം ശ്രീനിവാസ റാവു ഗാരുവിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടിപരമായ മഹാശക്തി  ഞങ്ങള്‍ക്ക് വഴികാട്ടിയാവും,” എന്നാണ് സിംഗീതത്തിന്റെ ജന്മദിന പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് പ്രഭാസ് 21ന്റെ പ്രൊഡക്ഷന്‍ ഹൗസായ വൈജയന്തി മൂവീസ് ട്വിറ്ററില്‍ കുറിച്ചത്.