"പെണ്ണുങ്ങളോട് പ്രത്യേക അനുകമ്പയുള്ള , എന്നാല്‍ ഒട്ടും അപകടകാരിയല്ലാത്ത കോഴിയാണ് ഉമ്മന്‍"

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന “മറിയം വന്ന് വിളക്കൂതി”എന്ന സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത് സിജു വില്‍സണാണ്. ഇത് രസകരമായ ഒരു ചിത്രമാണെന്നും തന്റെ കഥാപാത്രം ചെറിയൊരു കോഴിയാണെന്നും വെളളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ സിജു തുറന്നുപറഞ്ഞു.

എന്റെ കഥാപാത്രത്തിന്റെ പേര് ഉമ്മന്‍ എന്നാണ്. ഞാന്‍ ഇതുവരെയും ചെയ്യാത്ത രീതിയിലുള്ള കഥാപാത്രമാണ് ഉമ്മന്‍ .ഒരു പ്രൈവറ്റ് കമ്പനിയില്‍ മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുകയാണ്. ഉഴപ്പന്‍ സ്വഭാവമാണ്. ജോലിക്ക് പോകണമെന്ന താല്പര്യമൊന്നുമില്ല. ജോലി ഇല്ലേലും ജീവിതം അടിപൊളിയായി കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്‍. കമ്പനിയിലെ ബോസിനോട് പോലും പുച്ഛം.ജോലിയോടൊന്നും ഒട്ടും ആത്മാര്‍ത്ഥത ഇല്ലാതെ തട്ടി മുട്ടീം മുന്നോട്ട് പോകുന്ന ആളാണ് ഉമ്മന്‍. ചെറിയ രീതിയില്‍ കോഴിയുമാണ് . പെണ്ണുങ്ങളോട് പ്രത്യേക അനുകമ്പയുള്ള , അവരെ സഹായിക്കാനൊക്കെ ചാടി പുറപ്പെടുന്ന എന്നാല്‍ ഒട്ടും അപകടക്കാരനുമല്ലാത്ത കോഴിയാണ് ഉമ്മര്‍. ഇതില്‍ പ്രണയവും പ്രേമവും ഒന്നുമല്ല.സിനിമ സംസാരിക്കുന്നത് ഈ കൂട്ടുകാര്‍ക്കിടയില്‍ സംഭവിക്കുന്ന അബദ്ധങ്ങളാണ്.

റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന്‍ ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കുന്നത്. ശബരീഷ് വര്‍മ്മ, സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനോജ് അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ഇതിഹാസ എന്ന സിനിമയുടെ നിര്‍മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും.