അഞ്ചാം പാതിരയിലൂടെ പുരസ്കാര തിളക്കത്തിൽ ചാക്കോച്ചൻ

ചോക്ലേറ്റ് നായകനെന്ന ലേബലിൽ നിന്ന് മാറി ചിന്തിച്ച തീരുമാനം തെറ്റിയിട്ടില്ലെന്ന് ചാക്കോച്ചന് പ്രേക്ഷകർ നൽകിയ ഉറപ്പ്. അതായിരുന്നു ട്രാഫിക്കും വേട്ടയും ഇപ്പോൾ അഞ്ചാം പതിരായുമെല്ലാം ജനങ്ങൾ ഏറ്റെടുത്തത്. ഇപ്പോഴിതാ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ സൈമയുടെ 2020 ലെ ഏറ്റവും മികച്ച നടനുള്ള അവാർഡാണ് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയിരിക്കുന്നത്.

അഞ്ചാം പതിരയിലെ സമാനതകളില്ലാത്ത അഭിനയ തികവിനുള്ള അംഗീകാരമാണ് സൈമ അവാർഡ്‌സിലെ മികച്ച നടനുള്ള പുരസ്‌കാരം. മലയാളി നടനെന്നതിലുപരി സൗത്ത ഇന്ത്യൻ സിനിമ ഒട്ടാകെ ചർച്ച ചെയ്യുന്ന നടനായുള്ള ചാക്കോച്ഛന്റെ വളർച്ചയുടെ ആദ്യപടിയായി കാണാം ഈ അംഗീകാരത്തെ.

അനിയത്തിപ്രാവ് മുതൽ കണ്ട് ശീലിച്ച പതിവ് ചാക്കോച്ചൻ ഭാവങ്ങൾ ഏതുമില്ലാതെ ഒരു കുറ്റാന്വേഷകനായ പുതിയ കുഞ്ചാക്കോ ബോബനെയാണ് അഞ്ചാം പാതിരയിൽ കണ്ടത്. സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ ‘ഓനെ കൊണ്ട് ഇതൊന്നും പറ്റൂല്ല സാറേ ‘ എന്ന് പറഞ്ഞവരുടെ നെഞ്ചത്തുള്ള ആദ്യ അണിയായിരുന്നു ‘ട്രാഫിക്ക്’. പിന്നാലെ വന്ന ‘ഹൗ ഓൾഡ് ആർ യൂ’, ‘വേട്ട’, തുടങ്ങിയ ചിത്രങ്ങളെല്ലാം അദ്ദേഹത്തിൻ്റെ അഭിനയ മികവ് വെളിപ്പെടുത്തുന്നവയായിരുന്നു. ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിൽ നായികയായ മഞ്ജു വാര്യരെ ജനങ്ങൾ ഏറ്റെടുത്തപ്പോൾ താത്പര്യമില്ലാതെ ആണെങ്കിലും ഭാര്യയുടെ തീരുമാനത്തിനൊപ്പം നിൽക്കേണ്ടി രാജീവിനെ നമ്മൾ കാണാതെ പോകരുത്.

കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ബോയ് എന്ന ഇമേജ് ബ്രേക്ക് ചെയ്ത ട്രാഫികിനും,വേട്ടയ്ക്കും ശേഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് അഞ്ചാം പാതിരയിലെ അൻവർ ഹുസൈനാണ്. കേരളത്തിന്‌ പുറത്തും വമ്പൻ ജനപ്രീതി ചാക്കോച്ചനു നേടികൊടുത്ത അൻവർ ഹുസൈന് ലഭിച്ച മറ്റൊരു അംഗീകാരം തന്നെയാന്ന് സൈമയുടെ മികച്ച നടനുള്ള അവാർഡ്.

നടൻ എന്ന നിലയിൽ പുത്തൻ സാധ്യതകൾ തേടുന്ന ചാക്കോച്ചന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി തന്നെ കാണാം സൈമ അവാർഡ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഈ മനുഷ്യനിൽ ഭദ്രമാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മറ്റൊരു തുടക്കമാണ് അഞ്ചാം പാതിരാ നൽകിയത്.