മുണ്ടു മടക്കിക്കുത്തി മെഗാസ്റ്റാര്‍; ‘ഷൈലോക്കി’ലെ മമ്മൂട്ടിയുടെ പുതിയ ലുക്ക്

അജയ് വാസുദേവ് ഒരുക്കുന്ന ‘ഷൈലോക്കി’ലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്ത്. സിനിമയുടെ തിരക്കഥാകൃത്തുകളിലൊരാളായ ബിബിന്‍ മോഹനാണ് ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസ് അണിഞ്ഞ്, ചെക്ക് ഷര്‍ട്ട് ധരിച്ച്, മുണ്ട് മടക്കിക്കുത്തിയുള്ള മാസ് ലുക്കിലാണ് മമ്മൂട്ടി.

‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ദ മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ പലിശക്കാരന്റെ റോളിലാണ് മമ്മൂട്ടി എത്തുക. ആക്ഷന്‍, തമാശ, ഇമോഷന്‍സ് എന്നിങ്ങനെ എല്ലാ കൊമേഷ്യല്‍ ചേരുവകളും നിറഞ്ഞ ഫാമിലി എന്റര്‍ടെയ്‌നാറായാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് നായിക. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രണ്‍ദിവ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപീസുന്ദറാണ്.