സായ് പല്ലവിയെ പോലെയാകാന്‍ എനിക്ക് കഴിയില്ല, ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി: ശ്രുതി ഹസന്‍

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമാണ് പ്രേമം. ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ സായ് പല്ലവി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തെ നടി ശ്രുതി ഹസന്‍ ആണ് അവതരിപ്പിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ താന്‍ വളരെയധികം പരിഹസിക്കപ്പെട്ടു എന്നാണ് ശ്രുതി പറയുന്നത്.

താന്‍ അങ്ങനെ ട്രോള്‍ ചെയ്യപ്പെടാറില്ല. എന്നാല്‍ തെലുങ്ക് ചിത്രം പ്രേമത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങി. മലയാളം സിനിമയും അതിലെ സായ് പല്ലവിയുടെ കഥാപാത്രം പ്രേക്ഷക ഹൃദയം കീഴടക്കിയതാണ് തനിക്ക് നേരെയുള്ള ട്രോളുകള്‍ക്ക് കാരണമായതെന്നും ആ സിനിമ ചെയ്യേണ്ടെന്ന് ചിന്തിച്ചിരുന്നതായും ശ്രുതി പറയുന്നു.

ഒറിജിനല്‍ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായികയും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഈ സിനിമ ചെയ്യേണ്ട എന്ന് ഒരു നിമിഷം താന്‍ ചിന്തിച്ചു. പക്ഷേ വേണ്ട, താന്‍ തന്റെ രീതിയില്‍ ഇത് ചെയ്യും, താന്‍ ഇഷ്ടപ്പെടുന്നതു പോലെ. അവര്‍ എന്തു ചിന്തിക്കുന്നു എന്നത് പ്രശ്നമല്ല.

ഒറിജിനല്‍ തനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അവരെപ്പോലെ തനിക്കാവാന്‍ സാധിക്കില്ല. ആവുകയുമില്ല. ഭാഗ്യത്തിന് സിനിമ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദൈവത്തിന് നന്ദി എന്നുമാണ് ശ്രുതി പറയുന്നത്. 2016ല്‍ ആണ് നാഗചൈതന്യ നായകനായി പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് എത്തിയത്.