വേലൈക്കാരന് ശേഷമെന്ത്? പുതിയ ചിത്രത്തെക്കുറിച്ച് സൂചന നല്‍കി ശിവകാര്‍ത്തികേയന്‍

ഫഹദ് ഫാസിലിനും നയന്‍താരയ്ക്കുമൊപ്പം ശിവകാര്‍ത്തികേയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വേലൈക്കാരന് ശേഷം താരം അഭിനയിക്കുന്നത് ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍. ഇന്‍ഡ്ര്, നേട്ര്, നാളെ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രവികുമാറാണ് ശിവകാര്‍ത്തികേയന് വേണ്ടി സയന്‍സ് ഫിക്ഷന്‍ ചിത്രമൊരുക്കുന്നത്.

ശിവകാര്‍ത്തികേയന്‍ സയന്‍സ് ഫിക്ഷന്‍ മൂവിയുടെ ഭാഗമാകുന്നുവെന്ന വാര്‍ത്തകള്‍ കാലങ്ങളായി കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതിന് താരം ഇപ്പോള്‍ മാത്രമാണ് സ്ഥിരീകരണം നല്‍കുന്നത്. രവികുമാറുമായി സയന്‍സ് ഫിക്ഷന്‍ ചിത്രം ചെയ്യുന്നുണ്ടെന്ന് മാത്രമാണ് കോയമ്പത്തൂരില്‍വെച്ച് നടന്ന ഒരു ചടങ്ങില്‍ താരം പറഞ്ഞത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല.

മറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ പോലെ ആയിരിക്കില്ല. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തുടങ്ങി എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ കഴിയുന്നൊരു ചിത്രമായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവകാര്‍ത്തികേയന്റെ അവസാന ചിത്രം വേലൈക്കാരന്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. സാധാരണ ശിവകാര്‍ത്തികേയന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന കളക്ഷനെക്കാള്‍ കൂടുതല്‍ പണം ഈ ചിത്രം നേടുകയും ചെയ്തിരുന്നു.