തിയേറ്ററില്‍ നിന്നിറങ്ങി ഓടിയത് എന്തിന്; കാരണം വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ, വീഡിയോ

തിയേറ്ററില്‍ നിന്ന് ഇറങ്ങിയോടിയ സംഭവത്തില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ. മാധ്യമങ്ങളെ പേടിച്ചല്ല ഒരു എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയാണ് താന്‍ ഓടിയതെന്നാണ് ഷൈന്‍ പ്രതികരിച്ചത്. താരത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ ശേഷം പത്രസമ്മേളനം നടത്തിയ ആളാണ് താനെന്നും അന്നില്ലാത്ത പേടി ഇന്നും ഇല്ലെന്നും ഷൈന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ പേടിച്ചാണോ ഓടിയതെന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ഷൈനിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടിത്തട്ടി’ന്റെ ആദ്യ ഷോ കണ്ടിറങ്ങവെയാണ് നടന്റെ പ്രതികരണം.

‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായമറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനില്‍ക്കെയാണ് ഒരാള്‍ ഓടിയിറങ്ങുന്നത് കണ്ട്ത്. അത് നടന്‍ ഷൈന്‍ ടോം ആണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ അദ്ദേഹത്തിന് പിന്നാലെ കൂടുകയായിരുന്നു.

സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിക്കുന്നതും നില്‍ക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. തിയേറ്ററിനു ചുറ്റും ഓടി നടന്ന ഷൈന്‍ ടോം മാധ്യമങ്ങള്‍ക്കു മറുപടി നല്‍കാതെ തിയേറ്റര്‍ വളപ്പില്‍ നിന്നും റോഡിലേയ്ക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.