വിജയുടെ വില്ലന്‍ കിംഗ് ഖാന്‍?; ആറ്റ്‌ലി ചിത്രത്തിനായി ആകാംക്ഷയോടെ ആരാധകര്‍

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആറ്റ്‌ലിയും വിജയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ വരവേറ്റത്. ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലാണ് ദളപതി ചിത്രത്തിലെത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ വിജയ്ക്ക് വില്ലനായി വേഷമിടുന്നത് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് തന്നെയായിരിക്കും എന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ ആറ്റ്ലി ഷാരുഖ് ഖാനും ആയി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വിജയ് ചിത്രത്തില്‍ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന 15 മിനിറ്റോളം നീളുന്ന വില്ലന്‍ വേഷത്തില്‍ ആണ് ഷാരുഖ് എത്തുക എന്നാണ് സൂചന.

4-5 ദിവസം ആണ് ഷാരുഖ് ഖാന് ഷൂട്ടിങ് ഉണ്ടാവുക. ഒന്നുകില്‍ ചെന്നൈ അല്ലെങ്കില്‍ മുംബൈയില്‍ ആയിരിക്കും അദ്ദേഹത്തിന്റെ ഭാഗം ഷൂട്ട് ചെയ്യുക എന്നാണ് സൂചന. നയന്‍ താര നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ വമ്പന്‍ താര നിര ആണ് അണിനിരക്കുന്നത്.

ആര്‍ റഹമാന്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ ജി കെ വിഷ്ണു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഈ ചിത്രം എഡിറ്റ് ചെയ്യുക ആന്റണി റൂബന്‍ ആയിരിക്കും. എ ജി എസ് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ മാസ്സ് ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം നിര്‍മ്മിക്കുന്നത്.