ഒരിക്കല്‍ മകള്‍ എന്നോട് ചോദിച്ചു, പപ്പ നമ്മള്‍ ഏത് മതത്തില്‍പ്പെട്ടവരാണെന്ന്; ഷാരൂഖിന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ

ഷാരൂഖ് ഖാന്‍ മകള്‍ക്ക് നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. താന്‍ മുസ്‌ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരുമാണെന്നുള്ള ഷാരൂഖിന്റെ പ്രസ്താവനയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മക്കളുടെ സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാഫോമില്‍ മതം ചോദിക്കുന്ന ഭാഗത്ത് “ഇന്ത്യന്‍” എന്നാണ് രേഖപ്പെടുത്തിയതെന്നും ഷാരൂഖ് വ്യക്തമാക്കി. വീട്ടില്‍ ഒരിക്കലും മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താറില്ലെന്ന് ഷാരൂഖ് മുന്‍പും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്.

“ഞങ്ങള്‍ ഒരിക്കലും മതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. എന്റെ ഭാര്യ ഹിന്ദുവാണ്. ഞാന്‍ മുസ്‌ലിമും. ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാരും. മക്കളെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അപേക്ഷാഫോമില്‍ മതം ഏതെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. ചെറുതായിരിക്കുമ്പോള്‍ മകള്‍ ഒരിക്കല്‍ എന്നോട് ചോദിക്കുകയുമുണ്ടായി-“പപ്പ, നമ്മള്‍ ഏത് മതത്തില്‍പ്പെട്ടവരാണ്” എന്ന്.

ഞാന്‍ അതില്‍ എഴുതിയത് നമ്മള്‍ ഇന്ത്യക്കാര്‍ ആണെന്നാണ്. ഞങ്ങള്‍ക്ക് മതമില്ല. ഉണ്ടാവുകയുമില്ല”- ഷാരൂഖ് പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ് മത്സരാര്‍ഥികളും അവതാരകരും വിധികര്‍ത്താക്കളും കാണികളും സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ടതോടെ വൈറലായിരിക്കുകയാണ്.