ഷെയിന്‍ ഇനി തമിഴിലേക്ക്

തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവതാരം ഷെയ്ന്‍ നിഗം. പ്രശസ്ത സംവിധായകന്‍ സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലുടെയാണ് ഷെയ്‌ന്റെ തമിഴ് പ്രവേശം. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് ഷെയിന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

തന്‍മേര്‍ക്കു പരുവക്കാറ്റ്, നീര്‍പാര്‍വൈ, ധര്‍മ്മദുരൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സീനു രാമസ്വാമി. തന്‍മേര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിന് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംവിധായകന് ലഭിച്ചിരുന്നു. നിലവില്‍ വിജയ് സേതുപതി നായകനായ മാമനിതന്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുകയാണ് ഷെയിന്‍. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഓള്, വലിയ പെരുന്നാള്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

ജീവന്‍ ജോജു സംവിധാനം ചെയ്യുന്ന ഉല്ലാസമാണ് ഷെയിന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Read more