പ്രിയദര്‍ശന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, നായകന്‍ ഷെയ്ന്‍ നിഗം

മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ന്‍ നിഗത്തിനൊപ്പം ഷൈന്‍ ടോം ചാക്കോയും അര്‍ജുന്‍ അശോകും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നിവയുടെ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയില്‍ സിദ്ദിഖ്, ജോണി ആന്റണി, മണിയന്‍പിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നായികയ്ക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് നടന്നു വരുന്നു.

പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറി ആരംഭിക്കും. പുതുതലമുറയില്‍പ്പെട്ട നടീനടന്മാരെ അണിനിരത്തി ആദ്യമായാണ് പ്രിയദര്‍ശന്‍ ഒരു ചിത്രം അണിയിച്ചൊരുക്കുന്നത്.

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും എന്ന ചിത്രവും പ്രിയദര്‍ശന്‍ ഈ വര്‍ഷം സംവിധാനം ചെയ്യുന്നുണ്ട്.

1957 ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. 1970 ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്.