ഷെയ്ന്‍ കഞ്ചാവ് വലിക്കുമെന്നുള്ള ആരോപണം തെറ്റ്, അവന്‍ 22 വയസ് മാത്രം പ്രായമുള്ള ഒരാളാണ്: പ്രതികരണവുമായി ഷെയ്‌നിന്റെ അമ്മ

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി അമ്മ സുനില രംഗത്ത്. ഷെയ്‌നിനെ കുറ്റം പറയുന്നവര്‍ എന്തുകൊണ്ടാണ് അവന്റെ കുടുംബത്തോട് നിജസ്ഥിതി അന്വേഷിക്കാത്തതെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളില്‍ ഒരിടത്തും വീട്ടുകാര്‍ക്ക് എന്താണു പറയാനുള്ളതെന്നു പറഞ്ഞിട്ടുണ്ടോ എന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ സുനില ചോദിക്കുന്നു.

‘ഷെയ്ന്‍ കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അവന്‍ കഞ്ചാവു വലിക്കുന്നുവെങ്കില്‍ അത് ആദ്യം തിരിച്ചറിയേണ്ടതും അതില്‍ ഏറ്റവും വിഷമിക്കേണ്ടതും തിരുത്തേണ്ടതും ഞാന്‍ തന്നെയല്ലേ. അമ്മ എന്ന നിലയില്‍ എനിക്കല്ലേ ബാധ്യത. പക്ഷേ ആ ആരോപണം തീര്‍ത്തും തെറ്റാണ് എന്നെനിക്ക് അറിയാം. അതുകൊണ്ട് അത്തരം ആരോപണം എന്നെ ബാധിക്കുന്നില്ല. ഷെയ്ന്‍ അവന്റെ കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് മറ്റൊരു പറച്ചില്‍. അവന്‍ എന്തിനാണ് സ്വന്തം കരിയര്‍ ഇല്ലാതെയാക്കുന്നത്.’

‘പരസ്പരബന്ധമില്ലാത്ത വാക്കുകള്‍ പറഞ്ഞു ഷെയ്ന്‍ എന്നൊക്കെയാണ് ആരോപണം. അവന്‍ 22 വയസ്സ് മാത്രം പ്രായമുള്ള ഒരാളാണ്. നല്ല വിഷമത്തില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ച വാക്കുകള്‍ ആയിരിക്കില്ല വരിക. എന്താണ് സത്യാവസ്ഥ എന്ന് അറിയാന്‍ സിനിമയില്‍ ഉളളവരോ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവരോ ശ്രമിച്ചിട്ടില്ല.’ സുനില പറഞ്ഞു.