ഷെയ്‌നിന്റെ പ്രശ്‌നത്തില്‍ തീരുമാനം ഇന്ന്; കൊച്ചിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം

ഷെയ്ന്‍ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന ‘വെയില്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശരത് മേനോന്റെയും നിര്‍മാതാവ് ജോബി ജോര്‍ജിന്റെയും പരാതിയില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. വൈകീട്ട് മൂന്നിനാണ് ഭാരവാഹികളുടെ യോഗം.

സെറ്റില്‍ സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് ഷെയ്ന്‍ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മുടിയും താടിയും വെട്ടിക്കളയുകയും ചെയ്തിരുന്നു. വെയിലില്‍ ഷെയ്‌നിന് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു.

മുമ്പ് കുര്‍ബാനി സിനിമയ്ക്കുവേണ്ടി മുടിയില്‍ രൂപമാറ്റം വരുത്തിയതിനെതുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജുമായുണ്ടായ പ്രശ്‌നം ഒത്തുതീര്‍ക്കാനായി ചര്‍ച്ചയ്ക്ക് വിളിച്ച സമയത്ത് വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ഷെയ്‌നിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടുള്ള ഷെയ്‌നിന്റെ പ്രവൃത്തി സംഘടനകളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.