‘ഓള്’ റിലീസ് തിയതി പ്രഖ്യാപിച്ചു; വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തിയേറ്റേഴ്‌സ്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കിയ ‘ഓള്’ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 20 ന് തിയേറ്ററുകളിലെത്തും. ഉര്‍വ്വശി തിയേറ്റേഴ്‌സാവും ചിത്രം വിതരണത്തിന് എത്തിക്കുക. ടിഡി രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അടുത്തിടെ അന്തരിച്ച എംജെ രാധാകൃഷ്ണനാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരം ഓളിലൂടെ രാധാകൃഷ്ണന് ലഭിച്ചിരുന്നു.

കടലും കായലും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. പ്രായപൂര്‍ത്തി എത്തുംമുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് കഥയുടെ ഇതിവൃത്തം.

കാസര്‍ഗോഡ് ജില്ലയിലെ അഴിത്തല അഴിമുഖം, മുണ്ടേമാട്, കന്നുവീട് കടപ്പുറം, ഇടയിലക്കാട്, മാടക്കാല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എ.വി അനൂപ് ആണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയിലെ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായിരുന്നു ‘ഓള്’.