ഷെയ്ന്‍ നിഗം അജ്മീറില്‍ നിന്ന് തിരിച്ചെത്തി; സമവായ ചര്‍ച്ചയ്ക്ക് സമയം ചോദിച്ചു

രാജസ്ഥാനിലെ അജ്മീറിലായിരുന്ന നടന്‍ ഷെയ്ന്‍ നിഗം തിരിച്ചെത്തി. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി ഫോണില്‍ സംസാരിച്ചു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഷെയ്ന്‍ അമ്മ ഭാരവാഹികളോട് സമയം ചോദിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം കൂടിക്കാഴ്ച ഉണ്ടാകുമെന്ന സൂചനയാണ് അമ്മ ഭാരവാഹികള്‍ നല്‍കുന്നത്.

ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താരസംഘടനയ്ക്ക് ഷെയ്ന്‍ നിഗത്തിന്റെ അമ്മ സലീന നേരത്തെ കത്ത് നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് ഫെഫ്കയും താരസംഘടനയോട് ആവശ്യപ്പെട്ടിരുന്നു. വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നീ സിനിമകളോട് ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

രാജസ്ഥാനിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ന്‍ ഹിമാചല്‍ പോലുളള പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയെനനാണ് വിവരം. ഷെയ്ന്‍ നിഗം മടങ്ങി എത്തിയതോടെ സമവായ ചര്‍ച്ചയിലൂടെ “അമ്മ” വിഷയത്തില്‍ പരിഹാരം കാണുമെന്നാണ് കരുതുന്നത്.