ബുള്ളറ്റ്, കൂളിംഗ് ഗ്ലാസ്, കട്ടത്താടി; കളര്‍ഫുള്ളായി പൃഥ്വിരാജിന്റെ ‘ബ്രദേഴ്‌സ് ഡേ’ ഫസ്റ്റ് ലുക്ക്

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചുവന്ന കൈലിയും ചുറ്റി കൂളിംഗ് ഗ്ലാസും വെച്ച് കളര്‍ഫുള്‍ ലുക്കിലാണ് പൃഥ്വിരാജ് പോസ്റ്ററില്‍. ഒരു മുഴുനീള എന്റര്‍ടെയ്‌മെന്റ് ആയിരിക്കും ചിത്രമെന്നാണ് പൃഥ്വിരാജിന്റെ ലുക്ക് നല്‍കുന്ന സൂചന.

ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഏഴു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബ്രദേഴ്‌സ് ഡേയുടെ പ്രഖ്യാപനം നടന്നത്. അന്ന് തന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ തിരക്കിലായിരുന്നു പൃഥ്വിരാജ്. ലൂസിഫറാണ് പൃഥ്വിരാജിന്റേതായി അവസാനമിറങ്ങിയ ചിത്രം. നയണാണ് പൃഥ്വിരാജ് നായകനായി അവസാനം പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു നയണ്‍.