വെളിച്ചം എന്ന ആശയത്തെ അവലംബിച്ചാണ് ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫി; ഓളിനെക്കുറിച്ച് ഷാജി എന്‍ കരുണ്‍

നിരവധി ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയതിനു ശേഷം ഷാജി എന്‍ കരുണ്‍ ചിത്രം ഓള് ” കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ കൂടെ നടന്നൊരാള്‍ ഇപ്പോള്‍ ഷാജി എന്‍ കരുണിനൊപ്പമില്ല- ഷാജി എന്‍ കരുണ്‍ തന്നെ കണ്ടെത്തിയ, കൈപ്പിടിച്ചു ഉയര്‍ത്തിയ പ്രതിഭാശാലിയായ ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ രാധകൃഷ്ണനൊരുക്കിയ ഛായാഗ്രഹണത്തെക്കുറിച്ച് സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ

“രാധാകൃഷ്ണന്റെ കമ്പോസിഷനാണ് എടുത്തു പറയേണ്ടൊരു കാര്യം. ഓരോ ഫ്രെയിമും തീരുമാനിക്കുന്നതില്‍ ഒരു കൗതുകമുണ്ട് ആള്‍ക്ക്, അത് സ്റ്റില്‍ ഫോട്ടോഗ്രാഫി ആണെങ്കില്‍ പോലും. ആ കഴിവ് ആവും അയാളിലെ ഛായാഗ്രഹകന്റെ മികവായി മാറിയത്. “ഓളി”ന്റെ ഛായാഗ്രഹണത്തെ കുറിച്ചു പറയുകയാണെങ്കില്‍, അതൊരു സങ്കീര്‍ണ്ണമായ സിനിമയാണ്. ഫാന്റസിയും റിയാലിറ്റിയും ഇട കലരുന്ന ഒന്ന്. പെയിന്റിങ് പോലുള്ള ഫ്രെയിമുകള്‍. “ഓളി”ന്റെ പ്രമേയം ആവശ്യപ്പെടുന്ന ഒരു അലൗകികത (Spiritualism) ഉണ്ട്. അതും കൂടെ ചിത്രത്തിന്റെ ദൃശ്യഭാഷയില്‍ വരേണ്ടതുണ്ടായിരുന്നു. വെളിച്ചം എന്ന ആശയത്തെ അവലംബിച്ചാണ് ഈ ചിത്രത്തിന്റെ ഫോട്ടോഗ്രാഫിയെന്നു പറയാം.”

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവുമാണ് ചി ത്രം പറയുന്നത്.

ഒരേ സമയം രണ്ട് പ്രണയം കൊണ്ടു നടക്കുന്ന ചിത്രകാരനായാണ് ഷെയ്ന്‍ എത്തുന്നത്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ എസ്തര്‍ അനില്‍ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ഓള്.

കാദംബരി ശിവായ, കനി സുകൃതി, കാഞ്ചന, ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.ജെ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഐസക്ക് തോമസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എ വി എ പ്രൊഡക്ഷന്റെ ബാനറില്‍ അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്.