ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് മുഖത്ത് കൊണ്ടു; ഷാഹിദ് കപൂറിന് ഗുരുതര പരിക്ക്

“ജേഴ്‌സി” എന്ന ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ക്രിക്കറ്റ് പരിശീലനത്തിനിടെ പന്ത് മുഖത്ത് കൊണ്ട് നടന്‍ ഷാഹിദ് കപൂറിന് പരിക്ക്. പരിശീലനത്തിനിടെ പന്ത് മുഖത്ത് കൊള്ളുകയായിരുന്നു. ചുണ്ടിന് സാരമായി പരിക്കേറ്റ താരത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

ഷൂട്ടിങ്ങിന് മുമ്പുള്ള റിഹേസിങ്ങിനിടെയായിരുന്നു അപകടം. താഴത്തെ ചുണ്ടിനാണ് പന്ത് കൊണ്ടത്. ചുണ്ടില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. രക്തം നില്‍ക്കാതെ ആയപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ചികിത്സ നല്‍കുകയുമായിരുന്നു. ചുണ്ടില്‍ തുന്നലുണ്ടെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചുണ്ടിന് സാരമായി പരിക്കേറ്റതിനാല്‍ ഷൂട്ടിങ് നീളും. ഒരാഴ്ചക്കുള്ളില്‍ ഷൂട്ടിനെത്താനായി പരമാവധി ശ്രമിക്കുമെന്ന് ഷാഹിദ് പറഞ്ഞിട്ടുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.