ഷാരൂഖ് ഖാന്‍-ആറ്റ്‌ലി ചിത്രം ജവാന്‍; റിലീസ് തിയതി പ്രഖ്യാപിച്ച് കിടിലന്‍ ടീസര്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സൂപ്പര്‍ സംവിധായകന്‍ ആറ്റ്‌ലി ഒരുക്കുന്ന ജവാന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം അടുത്തവര്‍ഷം ജൂണ്‍ രണ്ടിന് റിലീസ് ചെയ്യും. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര ടീസറും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു.

ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. അന്വേഷണ ഉദ്യോഗസ്ഥയായാണ് ചിത്രത്തില്‍ നയന്‍താര എത്തുന്നത്.നയന്‍താരയ്‌ക്കൊപ്പം നടി പ്രിയാ മണിയും പ്രധാന വേഷം ചെയ്യുന്നുണ്ട്. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സൗത്ത് ഇന്റസ്ട്രിയില്‍ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്‌ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

തന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പക്കാ മാസ്സ് മസാല ആക്ഷന്‍ ത്രില്ലറായാണ് ആറ്റ്‌ലി ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.