ജയഭാരതിയും മകനും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിട്ടില്ല, മൃതദേഹത്തിന്റെ അരികില്‍ നിന്നു വരെ തള്ളിമാറ്റി; ആരോപണവുമായി സത്താറിന്റെ ഭാര്യയും സഹോദരനും

അവസാന നാളുകളില്‍ നടന്‍ സത്താറിനെ ശുശ്രൂഷിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ നസീം ബീനയാണെന്നും ജയഭാരതിയും മകനും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നസീമിന്റെ സഹോദരന്‍ ഷമീര്‍ ഒറ്റത്തൈക്കല്‍. മുന്‍ ഭാര്യയും മകനും സത്താര്‍ ചികിത്സയിലായിരുന്ന ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും നസീം ബീനയെ സത്താറില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്തതായി ഷമീര്‍ ആരോപിച്ചു.

മരണാനന്തര ചടങ്ങുകളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി സത്താറിന്റ രണ്ടാം ഭാര്യ നസീം ബീനയും രംഗത്ത് വന്നു. ഏകദേശം ഒരാഴ്ച മുന്‍പ് ജയഭാരതിയും മകനും സത്താറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും നസീം ബീനയെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തുവത്രെ. ഇതേത്തുടര്‍ന്ന് നസീം ബീന സത്താറിനെ ആശുപത്രിയില്‍ ചെന്ന് പരിചരിക്കുന്നത് നിര്‍ത്തുകയായിരുന്നു. സത്താര്‍ പുനര്‍വിവാഹം ചെയ്ത കാര്യം സിനിമക്കാരുടെയും മാധ്യമങ്ങളുടയും ഇടയില്‍ നിന്ന് ഒളിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്ന് ഷമീര്‍ ആരോപിച്ചു.

1979-ല്‍ ആണ് സത്താറും അന്ന് സൂപ്പര്‍ നായികയായിരുന്ന ജയഭാരതിയും വിവാഹിതരാകുന്നത്. 30 വര്‍ഷം മുന്‍പ് 1987-ലാണ് ഇവര്‍ വേര്‍പിരിയുന്നത്. പിന്നീട് 2011-ലാണ് നസീം ബീനയെ സത്താര്‍ വിവാഹം കഴിക്കുന്നത്.