'സഹകരിച്ചാല്‍ നിനക്ക് ഇവിടെ ജീവിച്ച് പോകാം'; കട്ടക്കലിപ്പില്‍ ടൊവീനോ; കല്‍ക്കിയിലെ മാസ് രംഗം

ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തിയ “കല്‍ക്കി” തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. മികച്ച ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് ചിത്രമെന്ന് പ്രേഷകരുടെ പ്രതികരണം. ചിത്രത്തിലെ ഒരു മാസ് രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിലെ ഒരു രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. ടൊവീനോയുടെ മാസ് ഡയലോഗുകളാണ് ഈ രംഗത്തിന്‍റെ ഹൈലൈറ്റ്. “എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തിയ “കല്‍ക്കി” താരത്തിന്റെ ആദ്യ മാസ് അവതാര ചിത്രം കൂടിയാണ്. കട്ടിമീശ വച്ച ടൊവീനോയുടെ ലുക്ക് നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത ചിത്രത്തിന് സുജാതനും പ്രവീണും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് നായിക. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.