യുക്തിരഹിത പ്രതിഷേധങ്ങളുടെ അവസാനം എത്ര ശോചനീയമായിരുന്നു

സകല പ്രതിഷേധങ്ങളെയും വിവാദങ്ങളെയും പിന്തള്ളി തീയേറ്ററുകളില്‍ ഉന്നത വിജയം കരസ്ഥമാക്കി മുന്നേറുകയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത്. കര്‍ണ്ണിസേന രാജ്യമെമ്പാടും വ്യാപക പ്രതിഷേധങ്ങള്‍ അഴിച്ചു വിട്ട സമയത്തൊന്നും സംവിധായകന്‍ സഞ്ജയ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമ മികച്ച കളക്ഷനുമായി മുന്നേറുമ്പോള്‍ താന്‍ പിന്നിട്ട പ്രതിസന്ധികളെപ്പറ്റി പരസ്യമായി പ്രതികരണവുമായി
എത്തിയിരിക്കുകയാണ് സംവിധായകന്‍

. ജീവിതത്തില്‍ ഇതു പോലെ ഉത്കണ്ഠയോടെ റിലീസ് കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടായിട്ടില്ലെന്ന് സഞ്ജയ് പറഞ്ഞു. ആദ്യമായി പ്രശ്‌നം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ എനിയ്ക്കു മനസിലായി പ്രശ്‌നത്തിലായെന്ന് . എന്നാല്‍ ഇതിനെതിനെ ഞാന്‍ പിടിച്ചു നില്‍ക്കേണ്ടത് അനിവാര്യമായിരുന്നു. വ്യാപകമായി പ്രചരിച്ച അത്തരം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ക്കു പിന്നില്‍ എനിയ്ക്ക് മനസിലാകാത്ത ഒരു അജന്‍ഡയുണ്ടെന്ന് മനസിലായി. സഞ്ജയ് ലീല പറഞ്ഞു. തനിയ്ക്ക് ഭീഷണികള്‍ വന്നതിനേക്കാളും വിഷമിപ്പിച്ച കാര്യം ദീപിക പദുകോണിനെതിരെ ഉയര്‍ന്ന കൊലവിളികളെ പറ്റിയായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞു.

Read more

പ്രതിഷേധങ്ങളെല്ലാം യുക്തിരഹിതമായിരുന്നു. യാതൊരു കാരണവും അവരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നില്ല. അതിനെപ്പറ്റി ഒരു ആരോഗ്യകരമായ ചര്‍ച്ചകളും നടന്നുമില്ല. ചാനലുകളില്‍ വാളുമായി ആളുകള്‍ കയറിയിരുന്ന് വധഭീഷണി മുഴക്കുന്നു. എന്നാല്‍ ചാനലുകളിലെല്ലാം ഇത്രയും പ്രതിഷേധിക്കാന്‍ മാത്രം ചിത്രത്തില്‍ ഒന്നുമില്ലെന്ന വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നു. അവര്‍ക്ക് അതൊന്നും മനസിലായില്ല. ഒന്നും അവര്‍ കേള്‍ക്കാന്‍ തയ്യാറായതുമില്ല. എന്നാല്‍ ചിത്രത്തിന്റെ ഇപ്പോഴത്തെ വിസ്മയകരമായ വിജയം അവരുടെ വായടച്ചു കളഞ്ഞെന്നും ശോചനീയമായ അവസ്ഥയില്‍ തന്നെയാണ് വിവാദങ്ങള്‍ അവസാനിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം തനിയ്ക്കും ചിത്രത്തിലെ അഭിനേതാക്കള്‍ക്കും സുരക്ഷ നല്‍കിയ മുംബൈ പോലീസിനെയും സംവിധായകന്‍ നന്ദി അറിയിച്ചു.