'ഒരു മാന്യനില്‍ നിന്ന് 50 കോടി തട്ടിയെടുത്ത മോശപ്പെട്ട സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം'; വിമര്‍ശനത്തോട് പ്രതികരിച്ച് സാമന്ത

നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായ താരമാണ് സാമന്ത. അബോര്‍ഷന്‍, അവിഹിത ബന്ധം തുടങ്ങി ഗുരുതരമായ പല ആരോപണങ്ങളും താരത്തിന് നേരെ ഉയര്‍ന്നിരുന്നു.

നാഗചൈതന്യയില്‍ നിന്ന് സാമന്ത 50 കോടി തട്ടിയെടുത്തെന്ന ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ”ഒരു മാന്യനില്‍ നിന്ന് 50 കോടി നികുതി രഹിത പണം തട്ടിയെടുത്ത വിവാഹമോചിതയായ മോശപ്പെട്ട സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റമാണ് സാമന്ത” എന്ന ട്വീറ്റിനാണ് താരം മറുപടി കൊടുത്തത്.

”ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ” എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ സാമന്തയെ പിന്തുണച്ചും കമന്റിട്ടയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ആരാധകര്‍ രംഗത്തെത്തി. പിന്നാലെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, തന്റെ വിവാഹമോചനത്തെ കുറിച്ച് അടുത്തിടെ സാമന്ത തുറന്നു സംസാരിച്ചിരുന്നു. വിവാഹമോചനം മാനസികമായി തകര്‍ക്കുമെന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ താന്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവളായി മാറുകയാണ് ചെയ്തത് എന്നാണ് സാമന്ത പറഞ്ഞത്.

ജീവിതത്തില്‍ ദുര്‍ബലയായ വ്യക്തിയാണെന്ന ചിന്ത ഉണ്ടായിരുന്നു. വിവാഹമോചനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് മരിക്കുമെന്നു കരുതി. എന്നാല്‍ എത്രത്തോളം ശക്തയായ സ്ത്രീയാണ് താനെന്ന് ഇപ്പോള്‍ ബോദ്ധ്യമായി. ഇപ്പോഴുള്ള തന്നെ കുറിച്ചോര്‍ത്ത് വളരെ അഭിമാനമാണ് എന്നും സാമന്ത വ്യക്തമാക്കിയിരുന്നു.