'ജീവന് ഭീഷണിയുണ്ടായിരുന്നു, പണവും സ്വകാര്യതയും അപഹരിക്കപ്പെട്ടു, കുടുംബം ശിഥിലമായി'; ചര്‍ച്ചയായി സാമന്തയുടെ വാക്കുകള്‍

നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമാണ് സാമന്ത. വിവാഹമോചനത്തോടെ താരത്തിനെതിരെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന രീതിയിലാണ് സാമന്ത തന്റെ സെലിബ്രിറ്റി ജീവിതം കൊണ്ടു പോകുന്നത്.

സാമന്തയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ വില്‍ സ്മിത്തിന്റെ ‘വില്ലാര്‍ഡ് കാരോള്‍ വില്‍ സ്മിത്ത്’ എന്ന പുസ്തകത്തില്‍ നിന്നുള്ള ചില വരികളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. നടിയുടെ ഇപ്പോഴത്തെ ജീവിതത്തോട് സാമ്യം തോന്നുന്ന തരത്തിലുള്ള വാക്കുകളാണ് സ്റ്റോറിയാക്കിയിരിക്കുന്നത്.

”കഴിഞ്ഞ മുപ്പത് വര്‍ഷമായി നിങ്ങള്‍ എല്ലാവരെയും പോലെ പരാജയം, നഷ്ടം, അപമാനം, വിവാഹമോചനം, മരണം എന്നിവയെ എനിക്കും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു എന്റെ പണം അപഹരിക്കപ്പെട്ടു എന്റെ സ്വകാര്യത ആക്രമിക്കപ്പെട്ടു എന്റെ കുടുംബം ശിഥിലമായി. എങ്കിലും എല്ലാ ദിവസവും ഞാന്‍ എഴുന്നേറ്റു.”

”വീണ്ടും ജീവിതം കെട്ടിപടുക്കാനായി ഒരോ കല്ലും പ്രവൃത്തിയിലൂടെ കൂട്ടിവെച്ചു. പലരും പല ചോദ്യങ്ങളുമായി വന്നു. പരിഹാസങ്ങളുണ്ടായി അപ്പോഴും തോറ്റ ഭാ?ഗത്തേക്കല്ല… ജയിക്കാനുള്ള ഭാഗത്തേക്ക് ഞാന്‍ നോക്കി. ഒപ്പം തളര്‍ന്ന് കിടക്കില്ല… എഴുന്നേറ്റ് നടക്കും എന്നും തീരുമാനിച്ചു” എന്ന വരികളാണ് സാമന്ത പങ്കുവച്ചത്.

ഈ വരികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വില്‍ സ്മിത്തിന്റെ പുസ്തകം വായിച്ച് കഴിഞ്ഞ്, പുസ്തകത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റും സാമന്ത കുറിച്ചിട്ടുണ്ട്. ”കഠിനാധ്വാനം ചെയ്യുക… തിരിച്ചടികളില്‍ നിന്ന് പഠിക്കുക… സ്വയം പ്രതിഫലിപ്പിക്കുക… സ്വയം പുനര്‍നിര്‍മ്മിക്കുക… ഒരിക്കലും ഉപേക്ഷിച്ച് പോകരുത്” എന്നാണ് നടി കുറിച്ചിരിക്കുന്നത്.