സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് ബോംബ് വെക്കും, നിങ്ങള്‍ക്ക് തടയാമെങ്കില്‍ തടയൂ; വ്യാജസന്ദേശമയച്ച പതിനാറുകാരന്‍ പിടിയില്‍

Advertisement

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് പതിനാറുകാരന്‍. ഡിസംബര്‍ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്.

‘ഈ സന്ദേശം ലഭിച്ചയുടന്‍ അടുത്ത രണ്ടുമണിക്കൂറിനുള്ളില്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്‌മെന്റില്‍ ബോംബ് പൊട്ടിത്തെറിയുണ്ടാകും. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടയൂ’, എന്നായിരുന്നു യുവാവ് പൊലീസ് സ്റ്റേഷനിലേക്കയച്ച സന്ദേശം.

എന്നാല്‍ പൊലീസെത്തിയ സമയത്ത് സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സല്‍മ ഖാനെയും സഹോദരി അര്‍പ്പിതയെയും വീട്ടില്‍നിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി ചേര്‍ന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല.