തിയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍, ചലച്ചിത്രമേള നടത്തും: സജി ചെറിയാന്‍

തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ തന്നെയാണ് തീരുമാനം. നടത്തിപ്പില്‍ കൂടിയാലോചനകള്‍ വേണമെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു.

വരും ദിവസങ്ങളില്‍ ടിപിആര്‍ ശതമാനം കണക്കിലെടുത്തും മാനദണ്ഡങ്ങള്‍ അനുസരിച്ചും തിയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലാണ്. വിനോദ നികുതിയില്‍ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്നും മന്ത്രി വ്യക്തമാക്കി.

ഓണത്തിന് മുന്‍പ് തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചത്.

അതേസമയം ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. ഡിസംബറില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേളയുടെ നടത്തിപ്പ്. കഴിഞ്ഞ തവണ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് ചലച്ചിത്ര മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികള്‍.