'നിങ്ങളൊരു സിഗ്നേച്ചര്‍ ഇട്ടുകഴിഞ്ഞു ചേട്ടാ'; ഫോറന്‍സിക്കിലെ സേവ്യറിന് കയ്യടികളുമായി പ്രേക്ഷകര്‍

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് “ഫോറന്‍സിക്” തിയേറ്ററുകളിലേക്ക് എത്തിയത്. ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖില്‍ പോളും അനസ് ഖാനും ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്തമായൊരു കഥാപാത്രമായാണ് നടന്‍ സൈജു കുറുപ്പ് എത്തുന്നത്.

ടൊവിനോ അവതരിപ്പിക്കുന്ന സാമുവല്‍ ജോണ്‍ കാട്ടുക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധന്റെ ചേട്ടനും, റിതിക ഐപിഎസ് ആയി എത്തുന്ന മംമതയുടെ ഭര്‍ത്താവുമായാണ് സൈജു എത്തുന്നത്. ഫുഡ് വ്‌ളോഗര്‍ ആയാണ് ചിത്രത്തില്‍ സൈജുവിന്റെ എന്‍ട്രി. ഒരു മകള്‍ നഷ്ടപ്പെട്ട, വിവാഹബന്ധം വേര്‍പ്പെടുത്തിയ സേവ്യര്‍ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് സൈജു കാഴ്ചവെക്കുന്നത്.

സൈജുവിന്റെ ആദ്യ ചിത്രം “മയൂഖ”ത്തിലെ നായിക മംമതുമായി വീണ്ടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഫോറന്‍സിക്കിനുണ്ട്. പോയ വര്‍ഷത്തിലെ “ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനി”ലെ ഗ്രാമീണനും “ഡ്രൈവിംഗ് ലൈസന്‍സി”ലെ രാഷ്ട്രീയക്കാരനും ഒപ്പം നില്‍ക്കുന്ന കഥാപാത്രം തന്നെയാണ് സേവ്യര്‍.