ഗവര്‍ണര്‍ പറഞ്ഞു 'ലാലേട്ടാ', സദസ്സില്‍ ഉയര്‍ന്നത് നിലക്കാത്ത കരഘോഷം

ഗവര്‍ണര്‍ പി. സദാശിവം മോഹന്‍ലാലിനെ ലാലേട്ടാ എന്ന് പരാമര്‍ശിച്ചപ്പോള്‍ സദസ്സില്‍ ഉണ്ടായത് നിലയ്ക്കാതുള്ള കൈയടി. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് ബിരുദദാനം മോഹന്‍ലാലിനും പി.ടി. ഉഷയ്ക്കും നല്‍കുന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മലയാളികള്‍ മോഹന്‍ലാലിനെ വിളിക്കുന്നത് ലാലേട്ടാ എന്നാണെന്ന പരാമര്‍ശം പി. സദാശിവം നടത്തിയത്.

നാല് പതിറ്റാണ്ട് കാലമായി നീണ്ടു നില്‍ക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരന്റെ നേട്ടങ്ങളും സംഭാവനകളും ഗവര്‍ണര്‍ എടുത്തു പറഞ്ഞു. പി.ടി. ഉഷ കായിക കേരളത്തിന് നല്‍കിയ സംഭാവനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഭരതം സിനിമ കണ്ട് പൂര്‍ത്തിയായിട്ടും തിയേറ്ററില്‍നിന്ന് ഇറങ്ങി പോകാന്‍ തോന്നാതിരുന്നതിനെ കുറിച്ചാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സംസാരിച്ചത്. കലാരംഗത്ത് ലാലും കായികരംഗത്ത് ഉഷയും ചെയ്ത സംഭാവനകള്‍ പരിശോധിച്ചാല്‍ ഇരുവരെയും ശാസ്ത്രജ്ഞരെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

തനിക്ക് കിട്ടിയ ഡിലിറ്റ് തനിക്കൊപ്പം നിന്ന മലയാള സിനിമാ കൂട്ടായ്മക്ക് ലഭിച്ച അംഗീകാരമാണന്ന് മോഹന്‍ലാല്‍ പറഞ്ഞു.

https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1609307129124977/?type=3&theater

ഭാര്യ സുചിത്രയ്ക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പമെത്തിയാണ് ഡിലിറ്റ് ഏറ്റുവാങ്ങിയത്. ചടങ്ങിന് ശേഷം മോഹന്‍ലാല്‍ ലൈബ്രറി ഹാളിന് പുറത്തേക്ക് വന്നതോടെ ആരാധകര്‍ മതിലും പൊലീസ് വലയവും എല്ലാം മറികടന്ന് പ്രിയ താരത്തിന് അരികിലെത്തി.

മോഹന്‍ലാലിന് ഡി.ലിറ്റ് ബിരുദം നേരത്തെയും ലഭിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി മോഹന്‍ലാലിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു.