'എടാ രാജു ഇത് ചെയ്യുമോ, രാജു പലയിടത്തും താണുപോകുന്നില്ലേ എന്നായിരുന്നു ബിജുമേനോന്റെ ചോദ്യം'

സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ മികച്ച പ്രതികരണം നേടിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സിലും അദ്ദേഹം സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും പൃഥ്വിരാജ് നായകനാണെന്നു പറയാനാകില്ല. ഇപ്പോഴിതാ പൃഥിരാജിനെ പോലുള്ള താരം ഇത്തരം വേഷങ്ങള്‍ ഏറ്റെടുക്കുമോ എന്ന് സഹതാരം ബിജുമേനോന്‍ പോലും സംശയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചി.

ഞാന്‍ മുഴുവന്‍ തിരക്കഥയാണ് രാജുവിനും ബിജുവിനും വായിച്ചു കേള്‍പ്പിച്ചത്. ആദ്യം കേട്ടത് ബിജുവാണ്. കേട്ടയുടനെ അദ്ദേഹം എന്നോട് ചോദിച്ചത് എടാ ഇത് രാജു ചെയ്യുമോ. രാജു പലയിടങ്ങളിലും താണുപോകുന്നില്ലേ എന്നാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു രാജുവല്ല ആ കഥാപാത്രമാണ് താഴുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം രാജുവിന് ഉണ്ടെന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്.

രാജു ഈ കഥാപാത്രം ചെയ്യില്ലെന്ന് 2 ശതമാനം മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളു. അത് നീ വിട്ടേക്ക് എന്നാണ് ഞാന്‍ ബിജുവിനോട് പറഞ്ഞു. രാജുവിനോട് പറഞ്ഞപ്പോഴെ അദ്ദേഹത്തിന് അത് ഇഷ്ടമാകുകയും ചെയ്തു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ എന്തു തോന്നുന്നുവെന്ന എന്റെ ചോദ്യത്തിന് എന്ത് തോന്നാന്‍ ഞാനിത് ചെയ്യുന്നു എന്നാണ് രാജു പറഞ്ഞത്.