'സാഹോ' പ്രീ റിലീസില്‍ തലയെടുപ്പോടെ പ്രഭാസിന്‍റെ കൂറ്റന്‍ കട്ടൗട്ട്; ആവേശത്തേരില്‍ ആരാധകര്‍

“സാഹോ”യുടെ പ്രീ റിലീസ് ചടങ്ങില്‍ മുഖ്യ ആകര്‍ഷണമായി പ്രഭാസിന്റെ അറുപത് അടി ഉയരമുള്ള കട്ടൗട്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എസ് എസ് രാജമൗലിയാണ് മുഖ്യാതിഥിയായി എത്തിയത്. രണ്ട് കോടി രൂപയുടെ ഒരുക്കങ്ങളാണ് പ്രീ റിലീസിനായി ഒരുക്കിയിരുന്നത്.

 സഹോ പ്രീ റിലീസ് ചടങ്ങിനായി സ്ഥാപിച്ച പ്രഭാസിന്റെ 60 അടി ഉയരമുള്ള കട്ടൗട്ട്

സംവിധായകന്‍ സുജീത്തിനും പ്രഭാസിനുമൊപ്പം ശ്രദ്ധ കപൂര്‍, അരുണ്‍ വിജയ്, രവി വര്‍മ, മുരളി ശര്‍മ, ചങ്കി പാണ്ഡെ, സാബു സിറില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളും മെഷീനുകളും ഉള്‍പ്പെടുത്തി പ്രദര്‍ശനവും ഒരുക്കിയിരുന്നു.

സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഓഗസ്റ്റ് 30ന് തിയേറ്ററുകളിലേക്കെത്തും.