വരവറിയിച്ച് സാഹോ; ആദ്യ പ്രദര്‍ശനം പ്രഭാസിന്റെ സഹോദരന്റെ തീയേറ്ററില്‍

“ബാഹുബലി” പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ “സാഹോ”യ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആഗസ്റ്റ് 30ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം സഹോദരന്‍ പ്രബോധ് രാജു ഉപലപതിയുടെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് താരം.

“ബാഹുബലി 2″വിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നെല്ലൂരിലെ സുല്ലര്‍പേട്ടില്‍ താരവും വാംസി കൃഷ്ണ റെഡ്ഡിയും പ്രബോധ് രാജു ഉപലപതിയും ചേര്‍ന്ന് മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ ആരംഭിച്ചിരുന്നു. സാഹോയുടെ റിലീസിന്റെ അന്ന് തന്നെ “വി എപിക്” എന്ന് പേരിട്ട തീയേറ്റര്‍ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

സാഹോയുടെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമായി സാഹോ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ഷന്‍ സിസ്റ്റവും സ്‌പെഷ്യല്‍ സ്ക്രീനും അഞ്ഞൂറിലധികം സീറ്റിങ് കപ്പാസിറ്റിയുമുള്ള മള്‍ട്ടിപ്ലക്‌സ് തീയേറ്ററാണ് സുല്ലര്‍പേട്ടില്‍ ഒരുങ്ങിയിരിക്കുന്നത്.