റിലീസിന് മുന്നേ മുടക്കു മുതല്‍ തിരിച്ച് പടിച്ച് ‘സാഹോ’; സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് 320 കോടിയ്ക്ക്!

പ്രഭാസിന്റെ ‘സാഹോ’യ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായെത്തിയ ട്രെയ്‌ലര്‍ ആരാധകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ചിരിക്കുകയാണ്. 250 ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനിടെ റിലീസിന് മുമ്പ് തന്നെ ചിത്രം 320 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

സാഹോയുടെ സാറ്റലൈറ്റ് അവകാശം മാത്രം 320 കോടി രൂപക്ക് വിറ്റതായാണ് വാര്‍ത്തകള്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സാഹോ സുജീത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മലയാളി താരം ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ഓഗസ്റ്റ് 30ന് ചിത്രം തീയേറ്ററുകളിലെത്തും.