മഞ്ജു ചേച്ചിക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെ: ശ്രീശാന്ത്

മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്ന് ശ്രീശാന്ത്. രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്‌ക്വാഡിലെ അംഗമായിരുന്ന താരം ഈയടുത്താണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലുലു മാളിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘മഞ്ജു ചേച്ചി അടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം’ എന്നാണ് ശ്രീശാന്ത് പറഞ്ഞത്.

ഇന്ത്യയുടെ സൂപ്പര്‍ താരത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അതേസമയം, ലളിതം സുന്ദരം എന്ന ചിത്രമാണ് മഞ്ജു വാര്യരുടെതായി റിലീസിന് ഒരുങ്ങുന്നത്. താരത്തിന്റെ സഹോദരന്‍ മധു വാര്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജുവിന്റെ സഹോദരനായി ബിജു മേനോനും ചിത്രത്തിലെത്തുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആയിഷ ആണ് മഞ്ജുവിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. റാസല്‍ ഖൈമയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.