വിപ്ലവത്തിന്റെ അവതാരം, 'കോമരം ഭീം' ആയി ജൂനിയര്‍ എന്‍.ടി.ആര്‍; 450 കോടി ബജറ്റില്‍ ഒരുങ്ങുന്ന 'ആര്‍ആര്‍ആര്‍' ടീസര്‍

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്. ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കോമരം ഭീം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായാണ് ടീസര്‍. ചിത്രത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് കോമരം ഭീം.

ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ജൂനിയര്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര സമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമരാജു എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. 450 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷം ജൂലൈയില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍.

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയതിനാല്‍ ചിത്രം 2021 ജനുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് രാജമൗലിയുടെ പദ്ധതി. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും ആര്‍ആര്‍ആറിന്റെ ഭാഗമാകുന്നുണ്ട്.

നായികയാകുന്ന ആലിയ ഭട്ട് നവംബറില്‍ ഷൂട്ടിംഗിനായി ടീമിനൊപ്പം ചേരും. അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസ് തുടങ്ങിയവരും വരും ഷെഡ്യൂളുകളില്‍ ടീമിനൊപ്പം ചേരും. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലായാണ് ആര്‍ആര്‍ആര്‍ ഒരുങ്ങുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ്, തമിഴ് നടന്‍ സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.