71 കോടി കടന്ന് 'റൗഡി ബേബി'; ഗാനത്തിന് പുതിയ റെക്കോഡ്

ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് മാരി ടൂവിലെ റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായെത്തിയ ഗാനം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. ഏറ്റവും കുടുതല്‍ ആളുകള്‍ യൂട്യുബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനമെന്ന റെക്കോഡ് പുറത്തിറങ്ങി വെറും ഒന്നര മാസം കൊണ്ടാണ് റൗഡി ബേബി നേടിയത്. ഇപ്പോള്‍ 71 കോടിയ്ക്ക് മേലെ കാഴ്ചക്കാരായിരിക്കുകയാണ് ഗാനത്തിന്. ഒപ്പം ഒരു വമ്പന്‍ റെക്കോഡും.

2019-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വിഡിയോ എന്ന റെക്കോഡാണ് റൗഡി ബേബി സ്വന്തമാക്കിയത്. ഇക്കാര്യം ധനുഷാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. അമ്പരപ്പിക്കുന്ന നേട്ടത്തിനും ഈ സ്‌നേഹത്തിനും ധനുഷ് പ്രേക്ഷകരോട് നന്ദി പറഞ്ഞു.

Read more

തെന്നിന്ത്യന്‍ താരവും നര്‍ത്തകനുമായ പ്രഭുദേവയാണ് ഗാനത്തിന്റെ നൃത്തസംവിധായകന്‍. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. യുവന്‍ശങ്കര്‍ രാജയുടെ തകര്‍പ്പന്‍ സംഗീതത്തില്‍ ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.