പുതുമുഖ താരങ്ങള്‍ ഒന്നിക്കുന്ന 'റൂട്ട്മാപ്പ്'; രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചു

“റൂട്ട്മാപ്പ്” ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാംരഭിച്ചു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആണ് തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുന്നത്. കോവിഡ് ലോക്ഡൗണിനിടെ ചെന്നൈയിലായിരുന്നു റൂട്ട് മാപ്പിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ശ്രുതി റോഷന്‍ ആണ് നായിക.

പുതുമുഖ താരങ്ങളായ സജീര്‍, ദേവിക, ഗോപു കിരണ്‍ എന്നിവര്‍ക്കൊപ്പം രതീഷ് വെഞ്ഞാറമൂട്, ആനന്ദന്‍ മന്മഥന്‍, ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ എന്ന ചിത്രത്തിലെ നായകനായ സിന്‍സിയര്‍ എന്നിവരും മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

മൂന്നു ഫ്‌ളാറ്റുകളുടെയുള്ളില്‍ നടക്കുന്ന സംഭവവികാസങ്ങളോടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അരുണ്‍ കായംകുളം ആണ്. ആഷിക് ബാബു ചായഗ്രഹണവും ചിത്രസംയോജനം കൈലാഷ് എസ് ഭവനും നിര്‍വ്വഹിക്കുന്നു.

പത്മശ്രീ മീഡിയ ഫിലിം ഹൗസിന്റെ ബാനറില്‍ ശബരീനാഥ് നിര്‍മിക്കുന്ന ചിത്രം തിയേറ്റര്‍ റിലീസിനാണ് തയ്യാറെടുക്കുന്നതെന്നു അണിയറ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.