'പരാതിയുമായി മുന്നോട്ട് പോയാല്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മകനെ കുടുക്കും'; തന്‍റെ കുടുംബത്തെ റോഷന്‍ ആന്‍ഡ്രൂസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍ ആന്‍റണി

വീടു കയറി ആക്രമിച്ച  പരാതിയുമായി മുന്നോട്ട് പോയാല്‍ ആരോപണ വിധേയയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് കുടുക്കുമെന്ന് വിവിധ കേന്ദ്രങ്ങളിലൂടെ  റോഷന്‍ ആന്‍ഡ്രൂസ്  ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍ ആന്‍റണി. മകനും സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിക്കെതിരെ സുഹൃത്തായ  പെണ്‍കുട്ടിയെ കൊണ്ട് പൊലീസില്‍ പരാതി കൊടുപ്പിക്കുമെന്നാണ് ഭീഷണിയെന്ന് ആല്‍വിന്‍ പറഞ്ഞു. വീട് കയറി ആക്രമിച്ചു എന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ഇപ്പോള്‍ റോഷന്‍ ആന്ഡ്രൂസ്.

അതേസമയം, റോഷന്‍ ആന്‍ഡ്രൂസ് അയച്ചതെന്നു പറയുന്ന ഒരു സന്ദേശവും ആല്‍വിന്‍ ജോണ്‍ നേരത്തെ പുറത്തു  വിട്ടിട്ടുണ്ട്. ആ സന്ദേശത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട ആല്‍വിന്‍,
നിങ്ങളൊരു നല്ല കുട്ടിയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. പക്ഷേ, എനിക്കൊരു അഭ്യര്‍ത്ഥനയുള്ളത്, ആ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി എന്നെ കാണുകയോ വിളിക്കുകയോ ചെയ്യരുതെന്നാണ്. ഞാന്‍ തീര്‍ച്ചയായും ആ പെണ്‍കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കും, ഒരാളോടു പോലും ഞാനവളെ കുറിച്ച് തെറ്റായതൊന്നും പറയില്ല. അവളെ ഞാനെന്റെ സഹോദരിയെ പോലെ സ്നേഹിച്ചിരുന്നു, എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെ കരുതിയിരുന്നു. പക്ഷേ, ആ പെണ്‍കുട്ടിയുടെ പെരുമാറ്റം വളരെ അപകടം പിടിച്ചതാണ്, അതാര്‍ക്കും തിരുത്താനും കഴിയില്ല. തന്റെ ചുറ്റുമുള്ളവരോടെല്ലാം എല്ലാക്കാര്യങ്ങളും അവള്‍ പറയുകയാണ്. ഒരുപക്ഷേ ഇതൊന്നും അവള്‍ ബോധപൂര്‍വം ചെയ്യുന്നതായിരിക്കില്ല. പക്ഷേ, ഇതൊക്കെ എന്റെ നേര്‍ക്കു വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. അവളുമായുള്ള എല്ലാ സൗഹൃദവും ഞാന്‍ അവസാനിപ്പിച്ചു. അവളുടെ മുഖത്തുപോലും നോക്കാന്‍ എനിക്ക് കഴിയില്ല. അത്രമാത്രം അവളെന്നെ തകര്‍ത്തു. ഇനി മുതല്‍ അവളെന്റെ ചിന്തയിലില്ല, പൂര്‍ണമായി ഞാനവളെ വിസ്മരിച്ചിരിക്കുന്നു. നമ്മള്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ മറ്റൊരാളുമായി ഞാന്‍ പങ്കുവെയ്ക്കില്ല. അക്കാര്യത്തില്‍ നിനക്ക് എന്നെ വിശ്വസിക്കാം. എന്റെ സ്നേഹവും കരുതലും നിനക്കൊപ്പമുണ്ട്. നിന്റെ ഭാവിയുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും നിനക്കെന്നെ വിളിക്കാം, എപ്പോള്‍ വേണമെങ്കിലും നിനക്ക് എന്റെയൊപ്പം വര്‍ക്ക് ചെയ്യാം. നീ എപ്പോഴും എന്റെ പ്രിയപ്പെട്ടവനാണ്…

റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്തിനുമെതിരേയും ആല്‍വിന്റെ പരാതിയില്‍ റോഷനും സുഹൃത്തിനുമെതിരേയും എറണാകുളം ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ്‌ കൂടുതല്‍ ശക്തമാക്കാനാണ് പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിക്കുന്നതെന്നാണ് ആല്‍വിന്‍ പറയുന്നത്. പീഡനക്കേസില്‍ തന്റെ മകനെ കുടുക്കാനാണ് റോഷന്‍ ശ്രമിക്കുന്നതെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു.

അതേസമയം, ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി. കൊച്ചി പനമ്പിള്ളി നഗറിലുള്ള തന്റെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് ആല്‍വിന്‍ ആന്റണി പരാതിയില്‍ പറയുന്നത്.

Read more

ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പരാതി അടിസ്ഥാനരഹിതമാണെന്നും ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി മയക്കു മരുന്നിന് അടിമയാണെന്നുമാണ് റോഷന്‍ പറയുന്നത്. താന്‍ മയക്കുമരുന്നിന് അടിമയാണെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ആല്‍വിന്‍ ജോണ്‍ ആന്റണിയും പറയുന്നു.