'റിച്ചി' വിമര്‍ശനം; രൂപേഷ് പീതാംബരനെതിരെ പരാതിയുമായി നിര്‍മ്മാതാവ്

നിവിന്‍ പോളി ചിത്രമായ റിച്ചിയെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ രൂപേഷ് പീതാംബരനെതിരെ പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ആനന്ദ് പയ്യന്നൂര്‍ രംഗത്ത്. രൂപേഷിന്റെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും ഇത്തരം പ്രവണത
സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയാണെന്ന് പരാതിയില്‍ പറയുന്നു. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സഹിതമാണ് രൂപേഷിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടുള്ള പരാതി.

റിച്ചിയുടെ റിലീസ് ചെയ്ത ദിവസം തന്നെ നടനും സംവിധായകനുമായ രൂപേഷ് പൂതാംബരന്‍ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരൂപണം നടത്തുകയുണ്ടായി. യുവത്വത്തിന്റെ ഹരമായ നിവിന്‍ പോളിയെയും വളരെ കഷ്ടപ്പെട്ട് സിനിമ നിര്‍മ്മിച്ച ഞങ്ങളെയും തീര്‍ത്തും തകര്‍ക്കുന്ന സംഭവമായി ഇത്. ഇതിനെതിരെ കണ്ണടച്ചാല്‍ എന്നെ പോലുള്ള സംവിധായകര്‍ക്ക് ഈ മേഖലയില്‍ നിന്ന പിന്മാറേണ്ടി വരുമെന്നാണ് ആനന്ദ് പയ്യന്നൂര്‍ തന്റെ പരാതിയില്‍ പറയുന്നത്.

നിവിന്‍ പോളി ആരാധകര്‍ വിമര്‍ശത്തിനെതിരെ രംഗത്തു വന്നതോടെ രൂപേഷ് മാപ്പുറഞ്ഞിരുന്നുവെങ്കിലും പുതിയ സംഭവവികാസത്തോടെ വിവാദം വളരുകയാണ്. നിര്‍മ്മാതാവിന്റെ പരാതിയെ തുടര്‍ന്ന് രൂപേഷ് പീതാംബരനെതിരെ വിലക്കിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ആലോചന നടക്കുന്നതായും വിവരമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും സിനിമാരംഗത്തുനിന്നു തന്നെയുള്ള ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അങ്ങേയറ്റം ഗൗരവുമുള്ളതാണെന്നാണ് നിര്‍മാതാക്കളുടെ സംഘടന വിലയിരുത്തുന്നത്.