മലയാളത്തില്‍ ഇനി തന്റേടവും കഴിവുമുള്ള നടികളുടെയും അവരെ ആദരിക്കാന്‍ അറിയാവുന്ന സംവിധായകരുടെയും കാലം: ശാരദക്കുട്ടി

മലയാളത്തില്‍ തന്റേടവും കഴിവുമുള്ള നടികളുടെയും അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെയും കാലമാണ് ഇനിയെന്ന് എഴുത്തുകാരി ശാരദക്കുട്ടി. റിലീസിനൊരുങ്ങുന്ന ആഷിഖ് അബു ചിത്രം വൈറസിലെ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് അവര്‍ ഇക്കാര്യം കുറിച്ചത്. നിപ കാലത്ത് മരിച്ച നഴ്‌സ് ലിനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ശാരദക്കുട്ടി പങ്കുവെച്ചിരിക്കുന്നത്.

“മലയാളത്തില്‍ തന്റേടവും കഴിവുമുള്ള നടികളുടെ, അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെ കാലമാണിനി. ഓരോ സിനിമയും പോയ കാലം സ്ത്രീകളോടു ചെയ്ത അനീതിക്കുള്ള പ്രായശ്ചിത്തവുമാണ്. ഷീല, ശാരദ, ജയഭാരതി, സീമ കാലത്തിനു ശേഷം അഭിനേത്രികള്‍ സിനിമയെ സ്വന്തം ചുമലില്‍ ഏറ്റുന്ന കാഴ്ച.” ശാരദക്കുട്ടി കുറിപ്പില്‍ പറഞ്ഞു.

നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന “വൈറസ്” റിലീസിംഗിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട് തുടങ്ങിയിരുന്നു. ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമലസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, രേവതി, പാര്‍തി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജൂണ്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.