ലജ്ജാകരം, കൂറുമാറിയ സ്ത്രീകളും ഒരു തരത്തില്‍ ഇരയാക്കപ്പെടുകയാണ്; രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍

നടി ആക്രമിക്കപ്പെട്ട കേസല്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷമായി പ്രതികരിച്ച് താരങ്ങള്‍. കൂടെ നില്‍ക്കേണ്ട സാഹചര്യത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ പ്രത്യേകിച്ചും ഒരു സ്ത്രീ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് റിമ കല്ലിങ്കല്‍, രേവതി, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങളും സംവിധായകന്‍ ആശിഖ് അബുവും പ്രതികരിച്ചു.

കൂറുമാറിയ സ്ത്രീകളും ഒരു തരത്തില്‍ ഇരയാക്കപ്പെടുകയാണെന്നും എങ്കില്‍ പോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നുവെന്നും റിമ കല്ലിങ്കല്‍ കുറിച്ചു. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവരും കേസില്‍ നേരത്തെ കൂറുമാറിയിരുന്നു.

റിമ കല്ലിങ്കലിന്റെ കുറിപ്പ്:

ലജ്ജാകരം, അതിജീവിച്ചവള്‍ക്കൊപ്പം നിന്ന സഹപ്രവര്‍ത്തക, ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള അവസാന നിമിഷം കൂറുമാറിയത് ഏറെ വേദനിപ്പിക്കുന്നു. ചില അര്‍ത്ഥങ്ങളില്‍ നോക്കിയാല്‍ ഈ ഇന്‍ഡസ്ട്രിയുടെ സമവാക്യത്തില്‍ ഒരു സ്ഥാനവും ലഭിക്കാത്ത, കൂറുമാറിയ സ്ത്രീകളും ഒരു തരത്തില്‍ ഇരയാണ്. എങ്കില്‍ പോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നു.

അവരില്‍ നാല് പേരാണ് ഇതുവരെ മൊഴി മാറ്റിയതെന്നാണ് വായിച്ചത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ. ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ തീര്‍ത്തും ലജ്ജാകരമാണ്.   #അവള്‍ക്കൊപ്പം