ഫോണ്‍ നമ്പര്‍ കിട്ടാന്‍ 'നമ്പര്‍'; യുവാവിന് തക്ക മറുപടിയുമായി നടി രശ്മി ഗൗതം

ഫോണ്‍ നമ്പര്‍ ലഭിക്കാന്‍ വേണ്ടി നമ്പറിറക്കിയ യുവാവിന് തക്ക മറുപടിയുമായി നടി രശ്മി ഗൗതം. പിആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്. രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ-എന്നായിരുന്നു സന്ദേശം.

ഉടന്‍ തന്നെ നടി മറുപടിയുമായി എത്തി. തനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മ്മയായെന്നും, അങ്ങിനെയൊരു നമ്പര്‍ തരാന്‍ ഒരു വഴിയും കാണുന്നില്ലെന്നും നടി പറഞ്ഞു. ഇനിയെങ്കിലും പിആര്‍ മാനേജ്‌മെന്റ് എന്ന രീതിയില്‍ ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂ എന്നും നടി ആവശ്യപ്പെട്ടു. സിനിമാമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും നടി വ്യക്തമാക്കി.

പിന്നീട് തനിക്കു തെറ്റു പറ്റിയതാണെന്നും ക്ഷമ ചോദിക്കുന്നുെവന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. വിവാദട്വീറ്റ് പിന്നീട് അയാള്‍ നീക്കം ചെയ്തു.